Friday 21 September 2012

Sree Narayana Guru Maha Samadhi


"ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍"

അദ്വൈത സത്യം സൂര്യതുല്യം സാക്ഷാത്ക്കരിച്ച ഭാരതത്തിലെ ജനസമൂഹത്തെ ജാതിപ്പിശാചു പിടികൂടാനിടയായത് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇത്തരം മലിനങ്ങളായ ഭേദചിന്തകള്‍ കൊണ്ട് സത്യസ്വരൂപം തീരെ മറയ്ക്കപ്പെടുമ്പോള്‍ മറമാറ്റി അതിനെ വീണ്ടും പ്രകാശിപ്പിക്കാനാണല്ലോ മഹാത്മാക്കള്‍ അവതരിക്കുന്നത്. കേരളം ജാതിപ്പി
ശാചിന്റെ ബാധനിമിത്തം ഒരു ഭ്രാന്താലയമായി മാറിയിരുന്ന ഘട്ടത്തിലാണ് അതൊഴിച്ചുമാറ്റാന്‍ ശ്രീനാരായണഗുരു അവതരിച്ചത്. അങ്ങനെ ജാതിഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീര്‍ന്നിരുന്ന രാഷ്ട്രത്തിന് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരു രചിച്ച 'ജാതിനിര്‍ണ്ണയം' എന്ന കൃതി ചിന്താശക്തിയുള്ള ഏതൊരു വ്യക്തിയെയും ജാതിപ്പിശാചിന്റെ ബാധയില്‍ നിന്നും വിമുക്തനാക്കുകയും തുടര്‍ന്ന് പരമപുരുഷാര്‍ത്ഥമായ ആത്മാനുഭവത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

ജാതിനിഷേധത്തിന്റെ ശാസ്ത്രീയമായ പൊരുള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഈ കൃതിയില്‍ തത്ത്വദര്‍ശനത്തില്‍ രൂപംകൊണ്ട ശാസ്ത്രചിന്തയുടെ ഉജജ്വല രൂപം കാണാം. ജാതിയുണ്ടെങ്കില്‍ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഈ കൃതിയില്‍ നിന്നും നിസ്സംശയമായ മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാള്‍ക്ക് ജാതിപിശാചിന്റെ പിടിയില്‍ നിന്നും രക്ഷ കിട്ടും എന്നത് തീര്‍ച്ചയാണ്. മനുഷ്യരുടെ ഇടയില്‍ ജാതിയൊന്നൊന്നില്ലെന്നു യുക്തിയുക്തം തെളിയിക്കാനാണ് ഗുരുദേവന്‍ ചെറുതെങ്കിലും ചിന്തോദ്ദീപകമായ ജാതിനിര്‍ണ്ണയം എന്ന ഈ കവിത രചിച്ചത്. ഈ ചെറുകൃതി നമ്മുടെ സംസ്കാരിക മണ്ഡലത്തിന് ഒരു കെടാവിളക്കായി എന്നും വിളങ്ങും.

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍

ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

ജീവികളെ മനുഷ്യര്‍ , മൃഗങ്ങള്‍ , പക്ഷികള്‍ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേര്‍തിരിച്ചാല്‍ തര്‍ക്കശാസ്ത്ര പ്രസിദ്ധങ്ങളായ മനുഷ്യത്വാദി ജാതികളുണ്ടാവാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേര്‍തിരിക്കുന്നത് അത്യന്തം അശാസ്ത്രീയമാണെന്നാണ് ആദ്യമായി വെളിപ്പെടുത്തുന്നത്.

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

യഥാ - എപ്രകാരമാണോ; ഗവാം - പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക്, ഗോത്വം - ഗോവിന്റെ ഭാവം എന്ന അര്‍ത്ഥത്തിലുള്ള ഗോത്വം, ജാതി - ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ; മനുഷ്യാണാം - മനുഷ്യര്‍ക്ക്; മനുഷ്യത്വം - മനുഷ്യത്വമെന്നത്; ജാതി - ജാതിയായി ഗണിക്കാവുന്നതാണ്. അസ്യ - മനുഷ്യന്; ബ്രാഹ്മണാദി - ജനനം കൊണ്ടു കുട്ടുന്നതായി കരുതപ്പെടുന്ന ബ്രഹ്മണാദി ജാതി; ഏവം ന - ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല; ഹാ - കഷ്ടം; കഃ അപി - ആരും തന്നെ; തത്ത്വം ന വേത്തി - യഥാര്‍ത്ഥ്യമെന്തെന്നറിയുന്നതേയില്ല.

എപ്രകാരമാണോ പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക് ഗോവിന്റെ ഭാവം എന്ന അര്‍ത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത് ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരുംതന്നെ യാഥാര്‍ത്ഥ്യമെന്തെന്നറിയുന്നില്ല.

ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍

പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.

ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.

[ കടപ്പാട് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സാറിന്റെ വ്യാഖ്യാനം. ശ്രീനാരായണഗുരുവിന്റെ കൃതികള്‍, ജീവചരിത്രം, കൃതികളുടെ വ്യാഖ്യാനങ്ങള്‍, സത്സംഗപ്രഭാഷണങ്ങള്‍ എന്നിവയ്ക്ക് ശ്രേയസ് സന്ദര്‍ശിക്കുക : http://sreyas.in/narayanaguru

Continue Reading

About Sree Narayana Guru - Tagore, Gandhi, Nehru





മഹാ കവി രവീന്ദ്രനാഥടാഗോര്‍ ശ്രീ നാരായണ ഗുരുവിനെ പറ്റി - ഞാന്‍ ലോകത്തിന്റെ പല ഭാഗത്ത്‌ സഞ്ചരിച്ചു വരികയാണ്. ഇതിനിടക്ക്‌ പല സിദ്ധന്‍മാരെയും മഹാര്ഷിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ ശ്രീനാരായണഗുരു സ്വാമികളെക്കാള്‍ മികച്ച - അദ്ദേഹത്തോട് തുല്യനായ ഒരു മഹാപുരുഷനെയും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാന്‍ ഒര
ിക്കലും മറക്കുന്നതല്ല.

മഹാത്മാ ഗാന്ധി ശ്രീ നാരായണ ഗുരുവിനെ പറ്റി - മനോഹരമായ തിരുവിതാങ്കൂര്‍ രാജ്യം സന്ദര്‍ശിക്കുവാന്‍ ഇടയായതും പുന്യാത്മാവായ ശ്രീനാരായനഗുരുസ്വാമികളെ ദര്‍ശിക്കുവാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യ്യമായി ഞാന്‍ വിചാരിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു ശ്രീ നാരായണ ഗുരുവിനെ പറ്റി - എവിടെയെല്ലാം മഹാത്മാക്കള്‍ ജീവിച്ചിരുന്നുവോ, അവിടമെല്ലാം മഹാക്ഷേത്രങ്ങള്‍ പോലെ പുണ്യ തീര്‍ത്ഥങ്ങള്‍ ആകും. ജാതി മത രഹിതമായ ഒരു സമൂഹമാണ് ഇവിടെ വേണ്ടതെന്നു ഗുരു ഉദ്ഘോഷിച്ചു.

Continue Reading

Thursday 20 September 2012

Sree Narayana Guru Biography pdf

ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ മഹാകവി ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് ‘വിവേകോദയ’ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി.



Read more: http://sreyas.in/narayanaguru-kumaran-asan-pdf#ixzz26zwflEiA
Continue Reading

Tuesday 4 September 2012

എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. ഐക്യം യാഥാര്‍ഥ്യമാകുന്നു


എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. ഐക്യം യാഥാര്‍ഥ്യമാകുന്നു. ഐക്യത്തിന് വ്യക്തമായ രൂപം നല്‍കിക്കൊണ്ടുള്ള നയരേഖയ്ക്ക് തിങ്കളാഴ്ച അംഗീകാരമായി. നയരേഖയില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒപ്പുവച്ചതോടെയാണ് ഐക്യശ്രമങ്ങള്‍ യാഥാര്‍ഥ്യമായത്. പിന്നീട്, പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് യോഗവും ജനറല്‍ കൗണ്‍സിലും നയരേഖയ്ക്ക് അംഗീകാരം നല്കി. ഭൂരിപക്ഷ സമുദായങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരായാണ് ഈ നീക്കമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇരു സമുദായനേതാക്കളും വേദി പങ്കിടുന്നത് ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വെള്ളാപ്പള്ളി നടേശനും അറിയിച്ചു. 

ഐക്യത്തിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് തയാറാക്കിയ നാലിന ഐക്യരേഖയ്ക്കാണ് കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വസതിയില്‍ രാവിലെ ഒന്നിച്ച് ഒപ്പുവച്ച് പരസ്പരം കൈമാറി അംഗീകാരം നല്കിയത്. 

മേല്‍ത്തട്ട് പരിധി ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് എന്‍.എസ്.എസ്സും അനുകൂലിച്ച് എസ്.എന്‍.ഡി.പി. യും നല്കിയ കേസ്സുകള്‍ പിന്‍വലിച്ച് ഐക്യത്തിന്റെ വാതില്‍തുറന്നാണ് ഇരുനേതാക്കളും നേരിട്ട് ചര്‍ച്ചയ്‌ക്കെത്തിയത്. 

കണിച്ചുകുളങ്ങരയില്‍ ഇരുനേതാക്കളും രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തി. മാവേലിക്കര എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്‍റ് വി.സുഭാഷും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 

ഇരുനേതാക്കളും ഒപ്പിട്ട നയരേഖയില്‍ നാല് കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. മത-സാമുദായിക രാഷ്ടീയ വിഷയങ്ങളില്‍ ഇരുസംഘടനകളും നിലവിലുള്ള നയങ്ങള്‍ തുടരും. ഭൂരിപക്ഷ വിഭാഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഐക്യത്തിന് തടസ്സമായിവരുന്ന വിഷയങ്ങള്‍ ഇരുനേതൃത്വങ്ങളും പരസ്പര ചര്‍ച്ചകളിലൂടെയും ധാരണകളിലൂടെയും പരിഹരിക്കും. സംവരണ കാര്യത്തില്‍ നിലനിന്നുവരുന്ന തര്‍ക്കങ്ങള്‍ വിട്ടുവീഴ്ചകളിലൂടെ പരിഹരിക്കും-എന്നിവ നയരേഖയില്‍ പറയുന്നു. 

ഭൂരിപക്ഷവിഭാഗത്തിന് അര്‍ഹമായ നീതി നിഷേധിക്കുന്ന രാഷ്ടീയസാഹചര്യമാണ് സംസ്ഥാനത്ത് നിലനില്ക്കുന്നതെന്ന് ഇരുനേതാക്കളും നയരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് കുറേക്കൂടി പ്രത്യക്ഷമായിക്കൊണ്ടിരിക്കുംവിധം ന്യൂനപക്ഷ രാഷ്ട്രീയ സമ്മര്‍ദത്തിന് ഭരണാധികാരികള്‍ കീഴടങ്ങുന്ന സാഹചര്യമാണ് ഉള്ളതെന്നും ഭൂരിപക്ഷവിഭാഗം സംഘടിതരല്ലെന്നും നയരേഖയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ സാഹചര്യത്തില്‍ ഭൂരിപക്ഷവിഭാഗത്തിലെ പ്രബല സമുദായസംഘടനകളായ എസ്.എന്‍.ഡി.പി. യോഗവും എന്‍.എസ്.എസ്സും അടിസ്ഥാനതത്വങ്ങളും ലക്ഷ്യങ്ങളും പ്രവര്‍ത്തശൈലിയും കൈവിടാതെ ഭൂരിപക്ഷ വിഭാഗത്തിന് സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഒരുമിച്ച് നീങ്ങുകയാണെന്ന് രേഖ വ്യക്തമാക്കുന്നു. 

ഐക്യം സുദൃഢമാകുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കുന്നു.

More: http://www.mathrubhumi.com/story.php?id=299508
Continue Reading
 

Contact Us

SNDP SAKHAYOGAM 286
Venkurinji P O
Mukkoottuthara
Pin: 686510
Erumeli Union.
Pathanamthitta Dt.
Kerala

About Me

Graphic / Web Designer from Kerala. shinsyam9(at)gmail(dot)com . Contact for Web Design & Graphic Design Services

SNDP SAKHAYOGAM 286 - Venkurinji Copyright © 2010. Designed by Shin Syamalan